ചെന്നൈ: നടി തൃഷയെ പരാമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പരിഹാസവുമായി എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ. ടിവികെ സർക്കാരിൽ സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് വിവിധ സ്ഥാനങ്ങൾ നൽകുന്നതിനെ വിമർശിച്ച ഉദയകുമാർ വിജയ്യുടെ പ്രിയപ്പെട്ട തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയാക്കുകയെന്നും ചോദിച്ചു.
സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് ഭരണരംഗത്ത് വിവിധ ചുമതലകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെ വിമർശിക്കുന്നതിനിടെയാണ് ഉദയകുമാർ തൃഷയുടെ പേര് പരാമർശിച്ചത്. വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ സിനിമാ പശ്ചാത്തലമുള്ളവർക്ക് സ്ഥാനങ്ങൾ നൽകുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പരാമർശത്തിനെതിരെ തൃഷ ആരാധകരും ടിവികെ പ്രവർത്തകരും രംഗത്തെത്തി. മധുരയിൽ തൃഷ ഫാൻസ് അസോസിയേഷൻ ഉദയകുമാറിനെതിരെ പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധിച്ചത്. അതേസമയം തൃഷയെക്കുറിച്ച് രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങൾ നേരത്തെയും തമിഴ്നാട്ടിൽ വിവാദമായിരുന്നു. കാവേരി നദീജല വിഷയത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിക്കുന്നതിനിടെ ഉദയനിധി സ്റ്റാലിൻ തൃഷയെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു.